സംസ്ഥാനത്ത് റോഡ് നവീകരണത്തിന് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുവാൻ ശ്രമിച്ചു വരുന്നതിന്റെ ഭാഗമായി റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ്(ആർ എ പി) സാങ്കേതികവിദ്യ
ഉപയോഗിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് സംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ പിഡബ്ല്യുഡി-ക്ക് കീഴിലുള്ള കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ഇതിന്‍റെ ഭാഗമായി മദ്രാസ് ഐ.ഐ.ടിയും കെ.എച്ച്.ആര്‍.ഐയും ചേര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്ക് ശേഷം, ആർഎപി സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ തീരുമാനമായി. നിലവിലുള്ള ബി.എം-ബി.സി റോഡിന്റെ ഉപരിതലം പൊളിച്ച് പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിര്‍മിക്കുന്ന രീതിയാണ് ഈ സാങ്കേതികവിദ്യ.
പൈലറ്റ് പ്രോജക്ട് തിരുവനന്തപുരത്തെ കിള്ളിപ്പാലം–പ്രാവച്ചമ്പലം റോഡില്‍ ആരംഭിക്കും. അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ദീര്‍ഘകാലം ഈട് നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
