You are currently viewing റിലയൻസ് റീട്ടെയിൽ: ഇന്ത്യയിലെ മുൻനിര എഫ്എംസിജി ഭീമന്മാരെ പിന്നിലാക്കി മുന്നേറുന്നു.

റിലയൻസ് റീട്ടെയിൽ: ഇന്ത്യയിലെ മുൻനിര എഫ്എംസിജി ഭീമന്മാരെ പിന്നിലാക്കി മുന്നേറുന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ, 2006-ൽ ആരംഭിച്ചിട്ട് കുറച്ചുകാലത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായി മാറാൻ കഴിഞ്ഞു. ഇന്ന് രാജ്യത്ത് 19,000-ത്തിലധികം സ്റ്റോറുകളും, 3 ലക്ഷം കോടി രൂപയിലധികം വാർഷിക വിൽപ്പന വരുമാനവുമാണ് കമ്പനിക്ക് ഉള്ളത്.

റിലയൻസ് റീട്ടെയിലിന്റെ വിപണി മൂല്യം ഏകദേശം 8.3 ലക്ഷം കോടി രൂപയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിലിന്റെ വാർഷിക മൊത്തം വരുമാനം  ₹3,30,870 കോടി ആണ്. അതേ വർഷം ലാഭം  ₹12,392 കോടി ആയി, കഴിഞ്ഞ വർഷത്തേക്കാൾ 11.6% വർധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഐടിസി, എച്ച്‌യുഎൽ, നെസ്‌ലെ, ടാറ്റ കൺസ്യൂമർ തുടങ്ങി ഇന്ത്യയിലെ മുൻനിര എഫ്എംസിജി ഭീമന്മാരെ പോലും വിൽപ്പനയിൽ പിന്നിലാക്കി. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഉൾപ്പെടെ ആഗോള നിക്ഷേപകരിൽ നിന്ന് വലിയ നിക്ഷേപങ്ങൾ കമ്പനി ആകർഷിച്ചു.

റിലയൻസ് റീട്ടെയിൽ വിവിധ മേഖലകളിലായി വ്യാപനം ; ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ആരോഗ്യ സംരക്ഷണം, ഇ-കൊമേഴ്‌സ് തുടങ്ങി നിരവധി മേഖലകളിൽ സാന്നിധ്യം ഉറപ്പിച്ചു. ഏജിയോ, ടിറ, ഡൺസോ, നേട്മെഡ്‌സ്, റിലയൻസ് ഡിജിറ്റൽ, റിലയൻസ് ട്രെൻഡ്സ് തുടങ്ങിയ ബ്രാൻഡുകൾ റിലയൻസ് റീട്ടെയിലിന്റെ ഭാഗമാണ്. പുതിയതായും തദ്ദേശീയമായും വികസിപ്പിച്ച ഹോം തിയേറ്റർ ടിവികൾ പോലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. സ്വകാര്യ എഫ്എംസിജി ബ്രാൻഡുകൾ സ്‌നാക്ടാക്, പുരിക്, ഗ്ലീമ്മർ, എൻസോ, ഗെറ്റ് റിയൽ എന്നിവ വിപണിയിൽ അവതരിപ്പിച്ചു

ഇഷ അംബാനിയുടെ നേതൃത്വത്തിൽ, ആഗോള തലത്തിൽ പ്രമുഖ മാനേജ്മെന്റ് പ്രൊഫഷണലുകളെയും വിദേശ വിദഗ്ധരെയും റീട്ടെയിൽ മേഖലയിൽ ഉൾപ്പെടുത്തി. വേർസെയിസ്, അർമാനി, ബാലൻസിയാഗാ തുടങ്ങിയ ആഗോള ഫാഷൻ ബ്രാൻഡുകൾ ഇന്ത്യൻ വിപണിയിൽ എത്തിച്ചതും റിലയൻസ് റീട്ടെയിലിന്റെ വളർച്ചയിൽ നിർണായകമാണ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, സുസ്ഥിര വിതരണ ശൃംഖല, ഉപഭോക്തൃ അനുഭവം എന്നിവയിൽ വലിയ നിക്ഷേപം നടത്തി.

റിലയൻസ് റീട്ടെയിൽ ഇന്ത്യയിലെ റീട്ടെയിൽ മേഖലയിലെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. വിപുലമായ വ്യാപനവും, നൂതന ഉൽപ്പന്നങ്ങളും, ആഗോള പങ്കാളിത്തവും, ശക്തമായ സാമ്പത്തിക നേട്ടവും ഈ വളർച്ചയ്ക്ക് പിന്നിലുണ്ട്. പുതിയ നിക്ഷേപങ്ങളും വിപണി വിപുലീകരണവും റിലയൻസ് റീട്ടെയിലിന്റെ ഭാവി വളർച്ചയ്ക്ക് കൂടുതൽ വേഗത നൽകും.

Leave a Reply