
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.) ജീവനക്കാരുടെയും പെൻഷൻകാർുടെയും ക്ഷാമബത്ത (DA)യും ക്ഷാമാശ്വാസം (DR)യും വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കി. കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

വിവിധ കാലയളവുകളിലായി നാല് ഘട്ടങ്ങളിലായാണ് വർദ്ധനവ് നടപ്പിലാക്കുന്നത്. 2024 ജനുവരി 1 മുതൽ ക്ഷാമബത്ത നിലവിലെ 33 ശതമാനത്തിൽ നിന്ന് 37 ശതമാനമായും, 2024 ജൂലൈ 1 മുതൽ അത് 40 ശതമാനമായും ഉയർത്തി. തുടർന്ന് 2025 ജനുവരി 1 മുതൽ 42 ശതമാനമായും, 2025 ജൂലൈ 1 മുതൽ 44 ശതമാനമായും ക്ഷാമബത്ത വർദ്ധിപ്പിച്ചു.
വർദ്ധിപ്പിച്ച നിരക്കിലുള്ള ക്ഷാമബത്തയുടെ വിതരണം 2026 ഫെബ്രുവരി മാസം മുതൽ പ്രാബല്യത്തിൽ വരും.
മുൻകാല കുടിശ്ശിക വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കെ.എസ്.ഇ.ബി. പിന്നീട് തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജീവനക്കാരുടെയും പെൻഷൻകാർുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിൽ സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.