
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കൾക്ക് ആശ്വാസകരമായ തീരുമാനം കൈക്കൊണ്ട് കേന്ദ്ര സർക്കാർ 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റങ്ങൾക്ക് തുടക്കമിട്ടു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.

ഇതുവരെ നിലവിലുണ്ടായിരുന്ന 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾക്ക് വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഒരേ സേവനങ്ങൾക്ക് കുറവ് കാലാവധിയിലൂടെ കൂടുതൽ തുക ഈടാക്കുന്ന രീതിയായിരുന്നു ഇതെന്ന് വിമർശനമുണ്ടായിരുന്നു. പുതിയ മാറ്റത്തോടെ 30 ദിവസത്തെ പ്ലാനുകൾ വ്യാപകമാകുന്നതിലൂടെ റീചാർജുകളുടെ എണ്ണം 12 ആയി കുറയുകയും വാർഷിക ചെലവിൽ കുറവ് വരുകയും ചെയ്യും. കൂടാതെ കൂടുതൽ സുതാര്യതയും സൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ്.
ഈ മാറ്റത്തിന് പിന്നിൽ പാർലമെന്റിൽ നടത്തിയ ശക്തമായ ഇടപെടലുകളാണെന്ന് കൊടുക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങളിലൂടെ 28 ദിവസത്തെ വാലിഡിറ്റി സംവിധാനം പരോക്ഷമായ അധിക ചാർജ്ജിംഗാണോ എന്നതും, അതിലൂടെ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ടെലികോം വകുപ്പ് (DoT)യും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യും ഇത്തരം ബില്ലിംഗ് രീതികളെ നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും, 30 ദിവസത്തെ യഥാർത്ഥ മാസവാലിഡിറ്റി പ്ലാനുകൾ നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ഇടപെടലുകളുടെ ഫലമായാണ് കേന്ദ്ര സർക്കാർ ടെലികോം കമ്പനികൾക്ക് വ്യക്തമായ നിർദ്ദേശങ്ങൾ നൽകേണ്ട സാഹചര്യം ഉണ്ടായതെന്നും എംപി കൂട്ടിച്ചേർത്തു.