തിരുവനന്തപുരം, മേയ് 28: പട്ടയം നഷ്ടപ്പെട്ടിട്ടുള്ളവരുടെ ദീര്‍ഘകാലത്തെ പ്രതിസന്ധിക്ക് വിരാമമിട്ട് കേരള സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ വിവിധ ഭൂനിയമങ്ങളുപയോഗിച്ച് നല്‍കിയ പട്ടയത്തിന്റെ അസല്‍ പകര്‍പ്പ് നഷ്ടപ്പെട്ടവര്‍ക്ക് ഇനി ജില്ലാ കളക്ടര്‍മാര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് അസല്‍ പട്ടയം ആവശ്യമായ സാഹചര്യത്തിലാണ് നിരവധി പേരുടെ അപേക്ഷകള്‍ സര്‍ക്കാര്‍ അടക്കം വിവിധതലങ്ങളില്‍ എത്തിയിരുന്നത്. ഈ പരാതികള്‍ ഗൗരവമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
പട്ടയം നഷ്ടപ്പെട്ടതിന്റെ പേരില്‍ വായ്പ ലഭിക്കാതെ, ഭൂമി വില്‍പന/വാങ്ങല്‍ തടസ്സപ്പെട്ടു തുടങ്ങിയ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നിരുന്നു. ഇനിയെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് വിരാമം ആകുമെന്ന് പ്രതീക്ഷയിലാണ് പട്ടയക്കാര്‍.
ജില്ലാ കളക്ടര്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത് തഹസില്‍ദാര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക.
2020ല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതേപോലുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അത് വെറും മൂന്ന് ഭൂപതിവു ചട്ടങ്ങള്‍ക്കു മാത്രമേ ബാധകമായിരുന്നുള്ളു – 1964, 1993, 1995 ലെ ചട്ടങ്ങള്‍. എന്നാല്‍ പുതുതായി പുറപ്പെട്ടിരിക്കുന്ന ഉത്തരവ് 15 വ്യത്യസ്ത ഭൂനിയമങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ പട്ടയങ്ങള്‍ക്കും ബാധകമായിരിക്കും.
വില്ലേജ് ഓഫീസിലെ തണ്ടപ്പേര്‍ അക്കൗണ്ടില്‍ പട്ടയ കക്ഷിയുടേയും തുടര്‍ന്നുള്ള നിയമാനുസൃത കൈമാറ്റങ്ങള്‍ മുഖേന നിലവിലെ കൈവശക്കാരന്റേയോ പേരില്‍ ഭൂനികുതി ഒടുക്കി വരുന്നതുമായ സാഹചര്യങ്ങളില്‍ പട്ടയ ഫയല്‍ പ്രകാരമുള്ള ഭൂമി തന്നെയാണ് കൈവശ ഭൂമിയെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ആധികാരികത ബോധ്യപ്പെടുന്ന സംഗതികളില്‍ പട്ടയം ലഭിച്ച ആളില്‍ നിന്നും നിയമപ്രകാരം ഭൂമി കൈമാറ്റം ചെയ്തു ലഭിച്ച നിലവിലെ കൈവശക്കാരന്റെ പേരില്‍ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
