You are currently viewing പ്രശസ്ത ചരിത്രകാരൻ  ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു

പ്രശസ്ത ചരിത്രകാരൻ  ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു

പ്രശസ്ത ചരിത്രകാരനും അക്കാദമീഷ്യനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ്. നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം, അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വാര്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

എം.ജി.എസ്. നാരായണൻ 1932 ആഗസ്റ്റ് 20ന് പൊന്നാനിയിൽ ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ. പാസായി; പിന്നീട് കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും കാലിക്കറ്റ് സർവകലാശാലയിലും അധ്യാപകനായും ചരിത്ര വിഭാഗം തലവനായും സേവനം അനുഷ്ഠിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ചെയർമാനും മെംബർ സെക്രട്ടറിയുമായും അദ്ദേഹം പ്രവർത്തിച്ചു. കേരളത്തിലെ ചേര രാജാക്കന്മാരെക്കുറിച്ചുള്ള ആധികാരിക പഠനം നടത്തിയാണ് അദ്ദേഹം *പെരുമാൾസ് ഓഫ് കേരള* എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചത്. ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥം തുടങ്ങിയ ലിപികളിലും ഗവേഷണം നടത്തി. 200-ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭാര്യ പ്രേമലതയാണ്. മക്കൾ വിജയകുമാർ (വ്യോമസേനാ ഉദ്യോഗസ്ഥൻ) വിനയ (നർത്തകി, മോഹിനിയാട്ടം ഗവേഷക)യും ആണ്. കേരള ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ എം.ജി.എസ്. നാരായണന്റെ നിര്യാണം മലയാളി സമൂഹത്തിനും അക്കാദമിക ലോകത്തിനും വലിയ നഷ്ടമാണ്.

Leave a Reply