
പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ച എസ്.പി. വെങ്കിടേഷ്, മലയാള സിനിമാ സംഗീത രംഗത്ത് പ്രത്യേക സ്ഥാനമുണ്ടാക്കിയ കലാകാരനാണ്. 150ലധികം മലയാള ചലച്ചിത്രങ്ങൾക്കാണ് അദ്ദേഹം സംഗീതം നൽകിയത്. ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ദ്രുവം, കൗരവർ, ജോണി വാക്കർ, ഹിറ്റ്ലർ, രാജാവിന്റെ മകൻ തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 1990കളിൽ മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.

മാൻഡലിൻ വിദ്വാനായ പിതാവിൽ നിന്നാണ് വെങ്കിടേഷിന് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ ലഭിച്ചത്. മൂന്ന് വയസ്സുമുതൽ പിതാവിന്റെ ശിക്ഷണത്തിൽ മാൻഡലിൻ വായിക്കാൻ തുടങ്ങി. പിന്നീട് ഗിറ്റാർ, ബാഞ്ചോ തുടങ്ങിയ വാദ്യങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു.
1968 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലെ നിരവധി സിനിമകളുടെ ഓർക്കസ്ട്രയിൽ എസ്.പി. വെങ്കിടേഷ് പങ്കാളിയായി. 1971ൽ സംഗീത സംവിധായകൻ വിജയഭാസ്കറിനൊപ്പം സിനിമാ രംഗത്ത് തുടക്കം കുറിച്ചു. 1975ൽ കന്നഡ സിനിമകളിൽ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി പ്രവർത്തിച്ചു.
1981ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, രണ്ട് വർഷത്തിന് ശേഷം മലയാള സിനിമയിലേക്കെത്തി. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമികൾ ഉൾപ്പെടെയുള്ള മഹാന്മാരോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു.
മധുരവും വികാരസാന്ദ്രവുമായ സംഗീത ശൈലിയിലൂടെ തലമുറകളുടെ ഹൃദയം കീഴടക്കിയ എസ്.പി. വെങ്കിടേഷിന്റെ വേർപാട് ഇന്ത്യൻ സിനിമാ സംഗീത ലോകത്തിന് തീരാനഷ്ടമാണ്.