
തിരുവനന്തപുരം: റോഡ് സുരക്ഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ “റോഡ് സേഫ്റ്റി കേഡറ്റ്” പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുത്ത് അപകടങ്ങൾ കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ ഗതാഗത വകുപ്പും വിദ്യാഭ്യാസ വകുപ്പും ഒരുമിച്ച് പ്രവർത്തിക്കും.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറും ചേർന്ന് ഇന്ന് സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. ഈ മാസം തന്നെ മാവേലിക്കരയിലെ ഡോൺ ബോസ്കോ സ്കൂളിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും.
ആദ്യ ഘട്ടത്തിൽ സ്കൂളുകളിലെ 8, 9, 11 ക്ലാസുകളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കും. ഓരോ സ്കൂളിൽ നിന്നും 30 കുട്ടികളെ റോഡ് സേഫ്റ്റി കേഡറ്റുകളായി തിരഞ്ഞെടുക്കും. ഇവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും.
സ്കൂൾ മേഖലയിൽ സേഫ്റ്റി കോർഡിനേറ്റർമാരായ പ്രവർത്തിക്കാനും സ്കൂൾ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും പരിശീലനം ലഭിച്ച കേഡറ്റ്കളെ നിയോഗിക്കും.കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മോട്ടോർ വാഹന വകുപ്പ് സർട്ടിഫിക്കറ്റ് നൽകും. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതും സർക്കാർ പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
കൂടാതെ, വാഹനങ്ങളെയും ഗതാഗത സംവിധാനങ്ങളെയും കുറിച്ച് കൂടുതൽ പ്രായോഗിക അറിവ് നേടുന്നതിനായി കെഎസ്ആർടിസി വർക്ക്‌ഷോപ്പുകൾ വഴി സാങ്കേതിക പ്രവർത്തി പരിചയം നൽകാനും പദ്ധതി ഉൾക്കൊള്ളുന്നുണ്ട്. റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണം ചെറുപ്പത്തിലേ ഉറപ്പാക്കുന്നതിലൂടെ ദീർഘകാലത്തിൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്ന പ്രതീക്ഷയാണ് സർക്കാരിനുള്ളത്.