ഈജിപ്തിലെ ലോക്സറിന് സമീപം പുരാവസ്തുശാസ്ത്രജ്ഞർ വളരെ ചരിത്ര പ്രാധാന്യമുള്ള പുരാതനാവശിഷ്ടങ്ങൾ കണ്ടെത്തി. ഹത്സെപ്സുട് രാജ്ഞിയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈജിപ്ത് ടൂറിസം ആൻഡ് ആന്റിക്വിറ്റീസ് മന്ത്രാലയം അറിയിച്ചു. ഇന്നലെ പുരാവസ്തു ഗവേഷകർ ഹത്സെപ്സുടിന്റെ സംസ്കാര ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടമായ വാലി ടെമ്പിൾ എന്ന ദേവാലയത്തിന്റെ അടിസ്ഥാനം മികച്ച നിലയിൽ കണ്ടെത്തി.
18-ആം രാജവംശകാലത്ത് (ക്രി.മു. 1539-1292) നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രത്തിൻറെ അവശിഷ്ടങ്ങൾ ശ്രദ്ധേയമായ 1,000-ലേറെ അലങ്കരിച്ച കല്ലുകളും തകർത്ത ഭാഗങ്ങളും ഉൾക്കൊള്ളുന്നു. അവയിൽ നിന്നുള്ള സൂക്ഷ്മചിത്രങ്ങളും ശിലാലിഖിതങ്ങളും ഹത്സെപ്സുട് രാജ്ഞിയുടെ ഭരണകാലത്തെയും അവളുടെ പിന്തുടർച്ചക്കാരനായ തുത്മോസിസ് III-യുടെയും ഭരണകാലത്തെയും ശിൽപകലയുടെ അപൂർവ ഉദാഹരണങ്ങളായി കണക്കാക്കപ്പെടുന്നു.
രാമസൈഡ് കാലഘട്ടത്തിൽ (ക്രി.മു. 1292-1077) ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടുവെങ്കിലും ഇപ്പോഴുള്ള കണ്ടെത്തലുകളിൽ നിന്ന് ദേവാലയത്തെപ്പറ്റിയുള്ള ഏറ്റവും സമഗ്രമായ രേഖകളും ശിലാലിഖിതങ്ങളും ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.ഈ കണ്ടെത്തലുകൾ രാജ്യത്ത് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് ലക്സർ പുരാവസ്തു ഡയറക്ടർ ജനറൽ അബ്ദുൽ-ഗഫാർ വാഗ്ഡി പറഞ്ഞു.