
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിൽ നിന്നുള്ള പ്രസാദം നൽകുന്നതിനായിരുന്നുവെന്നും അതിനായി മുൻകൂർ അനുമതി വാങ്ങിയിരുന്നുവെന്നും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് വ്യക്തമാക്കി. എന്നാൽ ആ അനുമതി ആരാണ് നൽകിയതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ചയുടെ സമയത്ത് താനും ഒപ്പമുണ്ടായിരുന്നുവെന്നത് ശരിയാണെങ്കിലും, അന്ന് ഉണ്ണികൃഷ്ണൻ പോറ്റി ഒരു ക്രിമിനൽ കേസിലെ പ്രതിയാണെന്ന വിവരം തനിക്കറിയില്ലായിരുന്നുവെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റി തന്റെ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന വ്യക്തിയാണെന്നതിനാലാണ് അദ്ദേഹത്തോടൊപ്പം പോയതെന്നും, എംപി എന്ന നിലയിലാണ് തന്നെ അദ്ദേഹം സമീപിച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു.
ശബരിമലയിൽ നിന്നുള്ള പ്രസാദം കൈമാറുന്നതിനായാണ് സോണിയ ഗാന്ധിയെ കാണാൻ പോയതെന്നും, രാഷ്ട്രീയമായോ മറ്റേതെങ്കിലും ലക്ഷ്യങ്ങളോ അതിന് പിന്നിലില്ലായിരുന്നുവെന്നും അടൂർ പ്രകാശ് വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കളും കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയായാണ് അടൂർ പ്രകാശ് ഇങ്ങനെ പറഞ്ഞത്