
ന്യൂഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ നാലാം പ്രതിയും മുൻ ദേവസ്വം സെക്രട്ടറിയുമായ എസ്. ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഇടക്കാല നടപടി.

കോടതി ഉത്തരവനുസരിച്ച് ജനുവരി 8, 9 തീയതികളിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ജയശ്രീയോട് നിർദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ അവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇതിന് മുമ്പ് ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.
കേസിന്റെ പശ്ചാത്തലത്തിൽ, 2019-ൽ ശബരിമല ദ്വാരപാലക വിഗ്രഹങ്ങളിൽ സ്വർണ്ണം പൂശിയ ചെമ്പ് പാളികൾ അറ്റകുറ്റപ്പണികൾക്കായി ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിറക്കിയത് ജയശ്രീയാണെന്നാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. എന്നാൽ, ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും, ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നുമാണ് ജയശ്രീയുടെ വാദം.
അതേസമയം, ഇതേ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.