
തിരുവനന്തപുരം ∙ കേരളത്തില്‍ കോള്‍ഡ്രിഫ് (Coldrif) സിറപ്പിന്റെ വില്‍പന താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉത്തരവിട്ടു. കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്.ആര്‍. 13 ബാച്ചില്‍ ഗുണനിലവാര പ്രശ്‌നം കണ്ടെത്തിയെന്ന കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

സംസ്ഥാനത്തെ മരുന്നുകടകളിലും ആശുപത്രികളിലും നിന്ന് ഈ സിറപ്പ് വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍, പ്രശ്‌നബാധിതമായ എസ്.ആര്‍. 13 ബാച്ച് കേരളത്തില്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയത്. എങ്കിലും, പൊതുജനാരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോള്‍ഡ്രിഫ് സിറപ്പിന്റെ മുഴുവന്‍ വിതരണവും വില്‍പ്പനയും പൂര്‍ണമായും നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധനകളും തുടര്‍നടപടികളും തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.