
കുടക്: കർണാടകയിലെ മലനിരകളിൽ നാല് ദിവസത്തെ തിരച്ചിലിന് ഒടുവിൽ കോഴിക്കോട് നാദാപുരം സ്വദേശിനിയായ ശരണ്യയെ കണ്ടെത്തി. വനമേഖലയിൽ നിന്നാണ് ശരണ്യയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. യുവതി സുരക്ഷിതയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

എറണാകുളത്ത് സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്യുന്ന ശരണ്യ ജി എസ് (36) ഏപ്രിൽ 2-നാണ് ഒറ്റയ്ക്ക് ട്രെക്കിംഗിനായി കുടകിലെത്തിയത്. സംസ്ഥാനത്തെ ഉയർന്ന കൊടുമുടികളിലൊന്നായ തടിയൻഡമോൾ കയറുന്നതിനിടെയാണ് അവരെ കാണാതായത്. ഏകദേശം മൂന്നര കിലോമീറ്റർ ദൂരമുള്ള ട്രെക്കിംഗിനിടെ വനത്തിനുള്ളിൽ വഴിതെറ്റിയതാണ് സംഭവത്തിന് കാരണമായത്.
ശരണ്യയെ കാണാതായ വിവരം പുറത്ത് വന്നതോടെ വനംവകുപ്പും പൊലീസും പ്രാദേശികരുമായി ചേർന്ന് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു. ദുഷ്കരമായ മലനിരകളും കനത്ത വനവും രക്ഷാപ്രവർത്തനത്തെ വെല്ലുവിളിച്ചിരുന്നെങ്കിലും നാല് ദിവസത്തെ പരിശ്രമത്തിന് ശേഷം ശരണ്യയെ കണ്ടെത്താനായി.
ആരോഗ്യനില പരിശോധിക്കുന്നതിനായി ശരണ്യയെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ആശ്വാസമായി മാറിയ ഈ രക്ഷാപ്രവർത്തനം, പ്രതിസന്ധികളെ അതിജീവിച്ച ധൈര്യത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ വിജയമായും മാറുന്നു.