ശാസ്താംകോട്ട: 50 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പടിഞ്ഞാറെ കല്ലട സോളാർ വൈദ്യുത പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതി സ്ഥലം സന്ദർശിച്ചു. പിന്നീട് പഞ്ചായത്ത് ഹാളിൽ നടന്ന അവലോകന യോഗത്തിൽ എം.എൽ.എ കോവൂർ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.
നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ ജനറൽ മാനേജർ വിനോദ് ഷേണായിയും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹേമ കെയും യോഗത്തിൽ പദ്ധതി വിശദീകരിച്ചു.
പദ്ധതിയുടെ ഭാഗമായി ബാറ്ററി ബാക്ക് അപ്പ് സംവിധാനം ഏർപ്പെടുത്തുകയും, പ്രവർത്തനം കാര്യക്ഷമവും സമയബന്ധിതവുമാകുന്നതിനായി ഡാഷ്‌ബോർഡ് സംവിധാനം നടപ്പിലാക്കുകയും വേണമെന്നും മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. വകുപ്പുകൾ തമ്മിലുള്ള സംയോജിത പ്രവർത്തനം ഉറപ്പാക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശം ഉണ്ടായി.
വസ്തു ഉടമസ്ഥരായ കർഷകർക്ക് കാർഷിക വരുമാനത്തേക്കാൾ അധിക വരുമാനം ഉറപ്പാക്കുന്ന രീതിയിലായിരിക്കും പദ്ധതി ആസൂത്രണം ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. 2026 ഫെബ്രുവരിയോടെ പദ്ധതി പൂര്‍ത്തിയാകും എന്നാണ് ഹൈഡ്രൽ പവർ കോർപ്പറേഷൻ അധികൃതരുടെ വിലയിരുത്തൽ.
