
കൊച്ചി: ഓൺലൈൻ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട സേവ് ബോക്സ് ആപ്പ് കേസിൽ മലയാള സിനിമാ താരം ജയസൂര്യക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) കടുത്ത നടപടിയെടുത്തു. കേസിന്റെ ഭാഗമായി ജയസൂര്യയുടെ ₹39 ലക്ഷം വിലമതിക്കുന്ന സ്ഥിരസ്വത്തുക്കൾ താത്കാലികമായി മരവിപ്പിച്ചു.

ഓൺലൈൻ ലേല പ്ലാറ്റ്‌ഫോമായി പ്രവർത്തിച്ചിരുന്ന ‘സേവ് ബോക്സ്’ ആപ്പ് വഴി സാധാരണ നിക്ഷേപകർക്ക് ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചതായി നിരവധി പരാതികൾ ഉയർന്നിരുന്നു. കുറഞ്ഞ നിക്ഷേപത്തിൽ വലിയ വരുമാനം ലഭിക്കുമെന്ന് പറഞ്ഞ് നൂറോളം ആളുകളിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
2023-ൽ തൃശൂർ സ്വദേശിയായ ആപ്പിന്റെ ഉടമ സ്വാതിക് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് കേസ് പുറത്തുവന്നത്. തുടർന്ന് സാമ്പത്തിക ഇടപാടുകളുടെ പാത പിന്തുടർന്ന് ഇഡി മണി ലോണ്ടറിംഗ് അന്വേഷണം ആരംഭിച്ചു.
‘സേവ് ബോക്സ്’ സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ.
ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇതിനകം രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്.
തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിൽ നിന്നാണ് പ്രമോഷൻ പ്രതിഫലം നൽകിയതെന്ന സംശയത്തെ തുടർന്നാണ് സ്വത്ത് അറ്റാച്ച് ചെയ്തത് എന്നാണ് സൂചന.
ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചതിന് ലഭിച്ച പ്രതിഫലമാണിതെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമാണെന്നും ജയസൂര്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.