കഴിഞ്ഞ നാല് ദശകങ്ങളിൽ സമുദ്ര ഉപരിതലത്തിന്റെ ചൂടുപിടിത്തം അതിവേഗത്തിൽ വർദ്ധിച്ചിരിയ്ക്കുന്നു, അതിന്റെ ഗൗരവപരമായ ഫലങ്ങൾ അന്തരാഷ്ട്ര കാലാവസ്ഥയെ ഗുരുതരമായി ബാധിക്കാമെന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. എൻവയർമെന്റൽ റിസർച്ച് ലെറ്റേസിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് സമുദ്ര താപനില 1980-കളിൽ ഒരു ദശകത്തിൽ ശരാശരി 0.06 ഡിഗ്രി സെൽഷ്യസ് ആയിരിന്നു വർദ്ധിച്ചിരുന്നതെങ്കിൽ, ഇന്ന് അതിന്റെ നിരക്ക് 0.27 ഡിഗ്രി സെൽഷ്യസ് ആണ്. ഈ വേഗതയേറിയ ചൂടുപിടിത്തം അതി തീവ്ര കാലാവസ്ഥാ സംഭവങ്ങൾ,സമുദ്രനിരപ്പിന്റെ വർദ്ധനവ് മുതലായ പ്രതിഭാസങ്ങൾ കൂടുതൽ പ്രബലമാക്കുന്നു.
ഈ പ്രവണതയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ഭൂമിയിലെ ഊർജ്ജ അസന്തുലിതാവസ്ഥ ആണ്. അതായത്, ഭൂമിയിൽ നിന്ന് വികിരണിച്ച് പുറത്തേക്കു പോകുന്നതിനെക്കാൾ കൂടുതൽ സൂര്യ ഊർജ്ജം ഭൂമിയിലേക്ക് ആഗിരണമാകുന്നു. ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നതുപോലെ, ഈ അസന്തുലിതാവസ്ഥയ്ക്ക് പ്രധാന കാരണങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവാണ്,ഇത് ചൂടിനെ ഭൂമിയുടെ അന്തരീക്ഷത്തിൽ തന്നെ പിടിച്ചു നിർത്തുന്നു. ഇതിന് പുറമേ, മഞ്ഞുമലങ്ങൾ ഉരുകുന്നതും അന്തരീക്ഷ മലിനീകരണവും ഭൂമിയുടെ ഉപരിതലത്തിലെ ചൂട് വർധിപ്പിക്കുന്നു.
ഈ പ്രവണതയുടെ ശക്തമായ തെളിവ് 2023-24 കാലഘട്ടത്തിൽ വ്യക്തമായി പ്രകടമായിരുന്നു. ആഗോള സമുദ്ര ഉപരിതല താപനില 450 ദിവസത്തേക്ക് തുടർച്ചയായി റെക്കോർഡ് ഉയരങ്ങളിലെത്തി. ഇതിൽ 44% ഉം മഹാസമുദ്രങ്ങൾ കൂടുതൽ വേഗത്തിൽ ചൂട് ശേഖരിച്ചതിന്റെ ഫലമായിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. പ്രകൃതിദത്തമായ എൽ നിന്യോ പ്രതിഭാസം ഈ താപനിലയിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നെങ്കിലും, കഴിഞ്ഞ ദശകങ്ങളേക്കാൾ സമുദ്ര ഉപരിതലം വേഗത്തിൽ ചൂടുപിടിച്ചതാണ് പ്രധാന കാരണം.
ഭാവിയിൽ ഈ ചൂടുപിടിത്തം ഇതുവരെ കണ്ടതിലും വേഗത്തിൽ വർദ്ധിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ രേഖപ്പെടുത്തിയ സമുദ്ര താപനില വർദ്ധന അടുത്ത 20 വർഷത്തിനുള്ളിൽ തന്നെ മറികടക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് സമുദ്രജീവജാലങ്ങളെയും അന്തരീക്ഷ വ്യതിയാനങ്ങളെയും ഗുരുതരമായി ബാധിച്ചേക്കും.
യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ പ്രൊഫസർ ക്രിസ് മെർച്ചന്റ്, ഈ അവസ്ഥയെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. “മഹാസമുദ്രങ്ങളുടെ ഈ അതിവേഗ ചൂടുപിടിത്തം നിയന്ത്രിക്കാൻ നമ്മുക്ക് ചെയ്യാവുന്നത് കാർബൺ ഉത്ഭവം കുറയ്ക്കുകയും നെറ്റ്-സീറോ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുക മാത്രമാണ്”, എന്ന് അദ്ദേഹം പറഞ്ഞു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്ത പക്ഷം, സമുദ്രങ്ങൾ അപകടകരമായ രീതിയിൽ ചൂടുപിടിക്കാനാണ് സാധ്യത എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.