
കുടക്: കുടയിൽ ട്രെക്കിംഗിനായി എത്തിയതിനുശേഷം കാണാതായ മലയാളി യുവതി ശരണ്യ ജി.എസ്. (36)യെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. വനമേഖലയില്‍ വഴിതെറ്റിയതായി ഹോംസ്റ്റേ ജീവനക്കാരെ ഫോണ്‍ വഴി അറിയിച്ചതിന് പിന്നാലെ ശരണ്യയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

കൊച്ചിയില്‍ ഐടി പ്രൊഫഷണലായ ശരണ്യ ഏപ്രില്‍ 2-നാണ് കുടകിലെത്തിയത്. നാപ്പോക്ലുവിന് സമീപമുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. കുടകിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയൻഡമോൾ കീഴടക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ 3-ന് രാവിലെ 8.15ഓടെ വനംവകുപ്പിന്റെ അനുമതിയോടെ ട്രെക്കിംഗ് ആരംഭിച്ചു.
കാട്ടാന ശല്യമുള്ള മേഖലയായതിനാല്‍ മറ്റു സംഘത്തോടൊപ്പം പോകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാലോടെ മറ്റ് സംഘങ്ങള്‍ മടങ്ങിയെത്തിയെങ്കിലും ശരണ്യയെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് താന്‍ വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചത്. പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
ശരണ്യ ട്രെക്കിംഗ് പാതയിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പോലീസ്, വനംവകുപ്പ്, നാട്ടുകാര്‍ എന്നിവരടങ്ങുന്ന 60 പേരടങ്ങിയ സംഘം അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞ് വനത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഡ്രോണുകളും സ്നിഫര്‍ നായ്ക്കളും ഉപയോഗിച്ച് വ്യാപകമായി പരിശോധന നടത്തുന്നുണ്ടെങ്കിലും കനത്ത വനവും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയാകുന്നു. ശരണ്യയുടെ ബന്ധുക്കള്‍, സഹോദരന്‍ അടക്കമുള്ളവര്‍, സ്ഥലത്തെത്തിയിട്ടുണ്ട്. നാപ്പോകല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.