കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ സീതാറാം യെച്ചൂരി (73) വ്യാഴാഴ്ച അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഓഗസ്റ്റ് 19 മുതൽ എയിംസിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു.
ചെന്നൈയിൽ ജനിച്ച യെച്ചൂരി ഹൈദരാബാദിൽ വളർന്നു, പിന്നീട് 1969 ലെ തെലങ്കാന പ്രക്ഷോഭത്തെത്തുടർന്ന് ന്യൂഡൽഹിയിലേക്ക് മാറി. ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലും (ജെഎൻയു) വിദ്യാഭ്യാസം തുടർന്നു. അവിടെ ബി.എ. (ഓണേഴ്സ്) ഉം ,എം.എ – യും സാമ്പത്തിക ശാസ്ത്രത്തിൽ നേടി. അദ്ദേഹത്തിൻ്റെ ജെഎൻയുവിലെ പിഎച്ച്.ഡി പഠനം അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടതോടെ മുടങ്ങി.
സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ (എസ്എഫ്ഐ) പ്രതിനിധീകരിച്ച് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായി മൂന്ന് തവണ സേവനമനുഷ്ഠിച്ച യെച്ചൂരിയുടെ രാഷ്ട്രീയ ജീവിതം ദശാബ്ദങ്ങൾ നീണ്ടുനിന്നു. 1984-ഓടെ അദ്ദേഹം സി.പി.എമ്മിൻ്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, അവിടെ പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളായി ഉയർന്നു.
സിപിഎമ്മിൻ്റെ ജനറൽ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ ആശയങ്ങളും തന്ത്രങ്ങളും രൂപപ്പെടുത്തുന്നതിൽ യെച്ചൂരി നിർണായക പങ്ക് വഹിച്ചു.