You are currently viewing ദേശീയപാത പദ്ധതികളിൽ ഗുരുതര വീഴ്ച; ഉപകരാറിൽ അഴിമതി – പി. എ. സി. റിപ്പോർട്ട്

ദേശീയപാത പദ്ധതികളിൽ ഗുരുതര വീഴ്ച; ഉപകരാറിൽ അഴിമതി – പി. എ. സി. റിപ്പോർട്ട്

ന്യൂഡൽഹി • കേരളത്തിലെ ദേശീയപാത പദ്ധതികളുടെ ഡിസൈൻ, നിർമാണം, മേൽനോട്ടം എന്നിവയിൽ ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് പാർലമെന്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ (പി.എ.സി.) റിപ്പോർട്ട് വെളിപ്പെടുത്തി. കെ.സി. വേണുഗോപാൽ എം.പി. അധ്യക്ഷനായ സമിതി, ദേശീയപാത നിർമാണത്തിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പെർഫോമൻസ് ഓഡിറ്റ് നടത്താനും ഉപകരാർ നൽകുന്നതിന് നിയന്ത്രണം കൊണ്ടുവരാനും ശുപാർശ ചെയ്തു.

റിപ്പോർട്ടിൽ, കാസർകോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ രൂപകൽപന പിഴവുകൾ ഉണ്ടായതായി ദേശീയപാത അതോറിറ്റി ചെയർമാൻ തന്നെ സമ്മതിച്ചതായി പറയുന്നു. കടമ്പാട്ടുകോണം–കഴക്കൂട്ടം ദേശീയപാത ഭാഗത്തിന് 3,684.98 കോടി രൂപ അനുവദിച്ചിട്ടും കരാർ 795 കോടി രൂപയ്ക്കാണ് നൽകിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഉപകരാറിൽ അഴിമതിയും സ്വജനപക്ഷപാതവും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം കരാറുകൾ ഒഴിവാക്കണമെന്നും, ഉപകരാറുകാരുടെ പിഴവുകൾക്ക് പ്രധാന കരാറുകാരൻക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പി.എ.സി. ആവശ്യപ്പെട്ടു.

മലപ്പുറം കൂരിയാട്ടെ പാലം തകർച്ചയ്ക്കും രൂപകൽപന പിഴവാണ് കാരണമെന്ന് കണ്ടെത്തി. വിദഗ്‌ധ സമിതി റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

പദ്ധതിയിട്ട ദേശീയപാതയുടെ ഘടനയും യാഥാർത്ഥ്യത്തിലുള്ള നിർമാണവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും അതോറിറ്റിയുടെ പ്രവർത്തനം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് വിലയിരുത്തണമെന്നും ശുപാർശയിൽ ഉൾപ്പെടുത്തി. സർവീസ് റോഡുകൾ പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണം. അരൂർ, പാലിയേക്കര ഉൾപ്പെടെ പൂർത്തിയാകാത്തതോ ഗതാഗതയോഗ്യമല്ലാത്തതോ ആയ ഭാഗങ്ങളിലും ടോൾ പിരിവ് നിരോധിക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.

Leave a Reply