ഇന്ത്യൻ റെയിൽവേ നൽകുന്ന നിരവധി സേവനങ്ങളിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കുന്നതായി ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചു. വ്യാപകമായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
ജിഎസ്ടി കൗൺസിലിൻ്റെ 53-ാമത് യോഗത്തിന് ശേഷമാണ് ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ, റിട്ടയറിങ് റൂമുകൾ, വെയിറ്റിംഗ് റൂമുകൾ, ക്ലോക്ക്റൂം സൗകര്യങ്ങൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാർ തുടങ്ങിയ സേവനങ്ങളെ ഇനി ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുമെന്ന് അവർ പറഞ്ഞു.
ഈ തീരുമാനം ഈ സർവീസുകളെ ആശ്രയിക്കുന്ന ധാരാളം യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രക്കാരെ കയറ്റി വിടുന്നവർക്കും റെയിൽവേ സ്‌റ്റേഷനുകളിൽ പിക്കപ്പ് ചെയ്യുന്നവർക്കും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ നിർബന്ധമാണ്. ജിഎസ്ടി ഒഴിവാക്കിയത് യാത്രക്കാർക്ക് അൽപ്പം ആശ്വാസം പകരുന്നതാണ്.
റെയിൽവേ നൽകുന്ന മറ്റ് സേവനങ്ങൾക്കും ജിഎസ്ടി കൗൺസിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഈ നീക്കം യാത്രക്കാരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്നും ട്രെയിൻ യാത്ര കൂടുതൽ ആകർഷകമാക്കുമെന്നും പ്രതീക്ഷിക്കുന്നു.