You are currently viewing ഉത്തരാഖണ്ഡിൽ  ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് പേർ  മരിച്ചു

ഉത്തരാഖണ്ഡിൽ  ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് പേർ  മരിച്ചു

ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡിൽ ഇന്ന് പുലർച്ചെ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ഏഴ് പേർ ദാരുണമായി മരിച്ചു. കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പറന്ന ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്റർ ആണ് തകർന്നുവീണത്. പൈലറ്റും ആറു യാത്രക്കാരും ഉൾപ്പെടെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ അഞ്ച് മുതിർന്നവരും ഒരു 23 മാസം പ്രായമുള്ള കുഞ്ഞുമാണ് യാത്രക്കാരായിരുന്നത്.

പുലർച്ചെ 5.20 ഓടെയാണ് അപകടം സംഭവിച്ചത്. കേദാർനാഥ് താഴ്വരയിൽ നിലനിന്നിരുന്ന മോശം കാലാവസ്ഥയും ദൃശ്യപരിധി കുറവുമാണ് അപകടത്തിന് കാരണമായതെന്ന് അധികൃതർ അറിയിച്ചു. ഹെലികോപ്റ്റർ ദിശ തെറ്റിയതിനെ തുടർന്ന് ഗൗരികുണ്ഡിലെ കാട്ടിൽ തകർന്നുവീഴുകയായിരുന്നു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചു. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടം നടന്ന പ്രദേശം കാട്ടിലും മലഞ്ചരിവിലും ആയതിനാൽ രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടായിരുന്നു.

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടിയന്തിര നടപടികൾക്ക് നിർദേശം നൽകി. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ആറാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് നടക്കുന്ന അഞ്ചാമത്തെ ഹെലികോപ്റ്റർ അപകടമാണിത്.

Leave a Reply