തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്ന ഒരു സ്ത്രീയുടെ പരാതിയെ തുടർന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിയുടെ വിശദമായ മൊഴിയും സമർപ്പിച്ച തെളിവുകളും അടിസ്ഥാനമാക്കി തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് എടുത്തത്. തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.
പരാതിക്കാരി അന്വേഷണ സംഘത്തിനോട് ശബ്ദരേഖകൾ, വാട്‌സ്ആപ്പ് ചാറ്റുകൾ, മെഡിക്കൽ രേഖകൾ തുടങ്ങി നിരവധി തെളിവുകൾ കൈമാറിയിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് ഗൗരവമായ കുറ്റങ്ങൾ ചുമത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസ് എടുത്തതിനെ തുടർന്ന് എംഎൽഎ ഒളിവിലാണെന്നും, സംസ്ഥാനത്തിന് പുറത്തേക്ക് പോയതായി സൂചനയുണ്ടെന്നും പൊലീസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേസമയം, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾ രാഹുൽ മാങ്കൂട്ടത്തിൽ ആരംഭിച്ചതായും വിവരം ലഭിക്കുന്നു.
മുമ്പ് സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിലെ കേസ് നിയമപരമായി പരിശോധിക്കപ്പെടട്ടെയെന്ന നിലപാടിലാണ് പാർട്ടി നേതൃത്വവും.
