പാർട്ടി വിരുദ്ധ നിലപാട് തുടരുന്നിടത്തോളം ശശി തരൂരിനെ തിരുവനന്തപുരത്തെ കോൺഗ്രസ് പരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. ഇന്ദിരാ ഗാന്ധിയെ വിമർശിക്കുന്നതും രാഹുൽഗാന്ധിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ നരേന്ദ്ര മോദിക്ക് പകരം തരൂർ രംഗത്തെത്തുന്നതും പാർട്ടി അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“തരൂർ പാർട്ടിയിൽ ഉണ്ടെങ്കിൽ, അദ്ദേഹം പാർട്ടിയുടെ ശക്തീകരണത്തിനായി പ്രവർത്തിക്കണം. അതിനു തയ്യാറാകാത്ത പക്ഷം, അവർക്കു പുറത്തു പോകാം. പാർലമെന്റിലെ കാര്യങ്ങൾ പാർട്ടി ദേശീയ നേതൃത്വം പരിശോധിക്കും,” കെ മുരളീധരൻ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങൾക്കുള്ള പ്രതികരണത്തിൽ, “ഒരു സാമുദായിക നേതാവ് എന്ന നിലയിൽ അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു. എസ്‌എൻഡിപിയുടെ ലക്ഷ്യം മതസൗഹാർദ്ദം ആണ് അത് തന്നെയാണ് ശ്രീ നാരായണ ഗുരുദേവന്റെയും ലക്ഷ്യം എന്ന് കെ മുരളീധരൻ കൂട്ടിച്ചേർത്തു.
