
തിരുവനന്തപുരം: ഗണേഷ് കുമാറിന്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വളരെയധികം പരിശ്രമിച്ചിരുന്നുവെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി കൂടിയായ മുൻ മന്ത്രി ഷിബു ബേബി ജോൺ വെളിപ്പെടുത്തി. തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിലും ഗണേഷ് കുമാറിന്റെ കുടുംബ തർക്കങ്ങൾ തീർപ്പാക്കാൻ ഉമ്മൻചാണ്ടി രാത്രി വൈകിയും ചർച്ചകൾ നടത്തിയിരുന്നുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു.

മരണപ്പെട്ട ഒരാളെക്കുറിച്ച് ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും, എല്ലാവരും മനുഷ്യരാണെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. ഉമ്മൻചാണ്ടി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തുറന്നു പറയാൻ ഗണേഷ് കുമാർ ആർജ്ജവം കാണിക്കണമെന്നും, മറവി ചിലർക്കൊരു സൗകര്യമാകാമെങ്കിലും ഈ വിഷയത്തിൽ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാർ കേസുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും, ഉമ്മൻചാണ്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തിയ എറണാകുളം ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും ഉമ്മൻചാണ്ടി മരണംവരെയും ആരുടേയും പേര് പുറത്തു പറഞ്ഞിട്ടില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇത് ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തിന്റെ മഹത്വം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.