
കോഴിക്കോട്:കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ വ്ലോഗറും ആക്ടിവിസ്റ്റുമായ ഷിംജിത മുസ്തഫയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തിയാണ് ഷിംജിതയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. വടകരയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് ഇന്നലെ വൈകിട്ട് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കോഴിക്കോട് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കിടെ ദീപക്കിന്റെ കൈ തന്റെ മേൽ തട്ടിയെന്നാരോപിച്ച് ഷിംജിത മുസ്തഫ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ദീപക്കിനെതിരെ വലിയ തോതിൽ സൈബർ വിമർശനങ്ങളും അധിക്ഷേപങ്ങളും ഉണ്ടായി.
ഇതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായ ദീപക്കിനെ കഴിഞ്ഞ ജനുവരി 18ന് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിത മുസ്തഫയെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തിയ ഷിംജിതയെ കസ്റ്റഡിയിൽ എടുത്ത ശേഷം ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.