തിരുവനന്തപുരത്ത്: ലഹരി ഉപയോഗം സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ മലയാള സിനിമാ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് തിരുത്താന്‍ അവസരം നല്‍കി ഫെഫ്ക. (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള). സംഘടനയുടെ ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും സിബി മലയിലും നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്.
വിൻസി അലോഷ്യസിനെയും ഷൈനിനെയും വിളിപ്പിച്ച് അവരുടെ ഭാഗം കേട്ടതിന് ശേഷമാണ് ഫെഫ്കയുടെ തീരുമാനം.ഷൈന്‍ ടോം ചാക്കോ തിരുത്താന്‍ അവസരം ചോദിച്ചതിനോട് മാനുഷ്യത്വപരമായ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി ഏര്‍പ്പെടുത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ലഹരി ശീലത്തില്‍ നിന്ന് പുറത്തുവരാന്‍ പ്രൊഫഷണല്‍ സഹായം തേടണമെന്ന നിര്‍ദ്ദേശവുമുണ്ട്.
സിനിമ ലൊക്കേഷനുകളില്‍ ലഹരി പരിശോധന നടത്തുന്നതില്‍ ഫെഫ്കയ്ക്ക് യാതൊരു എതിര്‍പ്പുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഫിലിം സെറ്റുകളില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ ആരംഭിക്കാന്‍ സംഘടന പദ്ധതിയിടുന്നതായും അറിയിച്ചു.
