
കൽപറ്റ: കന്യാസ്ത്രീ വേഷത്തിൽ ട്രാക്കിലേക്ക് ഇറങ്ങി ഹർഡിൽസിൽ മത്സരിച്ച സിസ്റ്റർ സബീനയാണ് ഈ വർഷത്തെ സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിന്റെ താരമായി മാറിയത്. 55 വയസ്സിന് മുകളിലുള്ള വനിതാ വിഭാഗത്തിൽ മത്സരിച്ച സിസ്റ്റർ സബീന മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനവും സ്വർണമെഡലും സ്വന്തമാക്കി.
സ്‌പോർട്‌സ് വേഷത്തിൽ കുതിച്ചു ചാടി മറ്റ് മത്സരാർത്ഥികളെ പിന്നിലാക്കി മിന്നൽപ്പിണറായി ഓടിയപ്പോൾ കാണികൾ അതിശയത്തോടെ നോക്കിനിന്നു. ഫിനിഷ് ലൈനിൽ ഒന്നാമതെത്തിയ ശേഷം സിസ്റ്റർ കൂളായി നടന്നുപോകുന്ന കാഴ്ചയായിരുന്നു മൈതാനത്തിലെ ഹൈലൈറ്റ്.
മാനന്തവാടി ദ്വാരക എ.യു.പി സ്കൂളിലെ കായികാധ്യാപികയായ സിസ്റ്റർ സബീന അടുത്ത മാർച്ചിൽ വിരമിക്കുകയാണ്. വിരമിക്കുന്നതിന് മുമ്പ് തന്റെ പഴയ കായികമികവ് വീണ്ടും തെളിയിക്കണമെന്ന ആഗ്രഹത്തിലാണ് അവർ മത്സരിച്ചത്.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ ദേശീയ ഹർഡിൽസ് മത്സരത്തിൽ പങ്കെടുത്തിരുന്നു സബീന സിസ്റ്റർ. കോളജ് കാലത്ത് അന്തർ സർവകലാശാല മത്സരങ്ങളിലടക്കം നിരവധി മെഡലുകളും അവാർഡുകളും നേടിയിട്ടുള്ള അവർ, കായികരംഗത്ത് പ്രതിഭയാർന്ന അധ്യാപികയെന്ന നിലയിൽ സുപരിചിതയാണ്.
നാളെ നടക്കുന്ന ഹാമർ ത്രോ മത്സരത്തിലും സിസ്റ്റർ സബീന പങ്കെടുക്കുന്നുണ്ട്.
