തലപ്പാടി(കാസർകോട്):കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ മൂന്നു സ്ത്രീകൾ ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട്.
അമിതവേഗത്തിൽ വന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയിൽ ബസ് കാത്തുനിൽക്കുന്നവരുടെ കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് ബസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു.
അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അറിയുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും തിരിച്ചറിയൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
