
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. നിശ്ചിത കാലയളവിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി.

ക്ഷേമ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഇതുവരെ ഒരുതവണ പോലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവർ അത് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് 2025 മെയ് മാസത്തിൽ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനായി 2025 ഡിസംബർ 31 വരെ സമയപരിധി അനുവദിച്ചിരുന്നു.
സംസ്ഥാനത്ത് നിലവിൽ 62 ലക്ഷത്തിലധികം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുണ്ടെങ്കിലും, ഇതിൽ 2.53 ലക്ഷം പേർ മാത്രമാണ് ഇതുവരെ ഒരുതവണ പോലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത്. 2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഈ വിഭാഗം ഉൾപ്പെടുന്നത്.
ഇവർക്കായി വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധിയാണ് ഇപ്പോൾ ആറുമാസം കൂടി നീട്ടിയിരിക്കുന്നത്. ആക്ഷയ കേന്ദ്രങ്ങൾ വഴി ജൂൺ 30നകം വരുമാന സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഗുണഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തി സർട്ടിഫിക്കറ്റ് സമയബന്ധിതമായി സമർപ്പിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.