
തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മതവുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്കി.

അവിവാഹിതരായ 50 വയസിന് മുകളില്‍ പ്രായമുള്ളതും ശമ്പളം, പെന്ഷന്, സര്‍ക്കാരിന്റെ മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കാത്തതുമായ മേല്വിഭാഗത്തില്പ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി, 2001 മാര്‍ച്ച് 31ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്ഷന് ലഭിക്കുന്നതിനായി സാധാരണ നിര്‍ബന്ധമായിരുന്ന വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കും.
ഇതിന് പകരം, അര്‍ഹരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ നടപടിയിലൂടെ മതസ്ഥാപനങ്ങളില്‍ താമസിക്കുന്ന നിരവധി സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്ഷന് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.