You are currently viewing സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ടു

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ടു

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതിയും ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗോവിന്ദച്ചാമി, കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്  ചാടി രക്ഷപ്പെട്ടു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം  സെല്ലിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ ജയിൽ ചാടിയത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമിക്ക് അതീവ സുരക്ഷാ ബ്ലോക്കിൽ ആണ് താമസം നൽകിയത്. പ്രശസ്തമായ ക്രിമിനൽ എന്ന നിലയിൽ ജയിൽ ജീവനക്കാരും പോലീസ് സംഘവും ഗോവിന്ദച്ചാമിയുടെ സുരക്ഷയിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ബലമുള്ള കമ്പികൾ മുറിച്ച് തുണികളുപയോഗിച്ച് വടം കെട്ടിയാണ് മതിൽ ചാടിയത് എന്നാണ് പ്രാഥമിക വിവരം.

പോലീസ് കണ്ണൂരിലെ പരിസര പ്രദേശങ്ങൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ  തിരച്ചിൽ ശക്തമാക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയും ആണ്. പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിരിക്കാമെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

2011-ൽ എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യവേ 23-കാരിയായ സൗമ്യയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ആണ് ഗോവിന്ദച്ചാമിക്ക് തൃശൂർ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തം ശിക്ഷയാക്കി മാറ്റി

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ 9446899506  എന്ന നമ്പറിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply