
ചെന്നൈ: 2025 ഏപ്രിൽ മുതൽ 2026 ജനുവരി വരെ കാലയളവിൽ വരുമാന വളർച്ചയിൽ ഇന്ത്യൻ റെയിൽവേയിലെ എല്ലാ സോണുകളിലും മുന്നിലെത്തി ദക്ഷിണ റെയിൽവേ. ഈ കാലയളവിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലയായാണ് ദക്ഷിണ റെയിൽവേയെ പ്രഖ്യാപിച്ചിരിക്കുന്നത്.

ദക്ഷിണ റെയിൽവേ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, യാത്രക്കാരുടെ വരുമാനത്തിൽ 9.41 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷത്തെ ₹6,207.85 കോടിയിൽ നിന്ന് നിലവിലെ വർഷം ₹6,791.99 കോടിയിലേക്കാണ് വരുമാനം ഉയർന്നത്.
യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായി. 2024–25ൽ 610.22 ദശലക്ഷം ആയിരുന്ന യാത്രക്കാരുടെ എണ്ണം 2025–26ൽ 646.62 ദശലക്ഷം ആയി ഉയർന്നു.
യാത്രക്കാരെ കേന്ദ്രകരിച്ചുള്ള പദ്ധതികൾ, തിരക്കേറിയ ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക ട്രെയിനുകളുടെ ഓട്ടം, സബർബൻ, ദീർഘദൂര സർവീസുകളുടെ ശക്തിപ്പെടുത്തൽ, സ്റ്റേഷൻ അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഈ നേട്ടം ഇന്ത്യൻ റെയിൽവേയുടെ മൊത്തത്തിലുള്ള വളർച്ചയിലും ആധുനികവത്കരണ ശ്രമങ്ങളിലുമുള്ള ദക്ഷിണ റെയിൽവേയുടെ നിർണായക പങ്ക് വ്യക്തമാക്കുന്നതാണെന്നും വിലയിരുത്തപ്പെടുന്നു.