കാട്ടിൽമേക്കതിൽ ദേവീക്ഷേത്രത്തിൽ നവംബർ 17 മുതൽ 28 വരെ നടക്കുന്ന വൃശ്ചികമഹോത്സവത്തോട് അനുബന്ധിച്ച് പ്രത്യേക സുരക്ഷാ, ഗതാഗത, ശുചിത്വ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് എ.ഡി.എം ജി. നിർമൽ കുമാർ അറിയിച്ചു. ചേമ്പറിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കവേ, തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ അനുയോജ്യമായ സംവിധാനങ്ങൾ നിർദ്ദേശിച്ചു.
ക്ഷേത്രത്തിലെത്താൻ ഫെറി ബോട്ടുകളും ജങ്കാറുകളും ഏർപ്പെടുത്താൻ നിർദേശം നൽകി. തീരദേശവും ദേശീയപാതകളും വഴിയുള്ള യാത്രക്കാരുടെ സൗകര്യത്തിന് കെ.എസ്.ആർ.ടി.സി കൂടുതൽ പ്രത്യേക സർവീസുകൾ നടത്തും. കുടിവെള്ളവും ശൗചാലയ സൗകര്യങ്ങളും താൽക്കാലികമായി ഒരുക്കും.
ഉത്സവദിവസങ്ങളിലെ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കാൻ ഹരിതകർമ്മസേനയുടെ പ്രത്യേക സംഘത്തെ ശുചിത്വ മിഷനുമായി ചേർത്ത് നിയോഗിക്കും. ഭക്ഷ്യമാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഉറപ്പാക്കും. അന്നദാനം സുഗമമാക്കാനും വാഹന പാർക്കിങ് സൗകര്യം വർധിപ്പിക്കാനും അധിക സ്ഥലങ്ങൾ സജ്ജമാക്കും.
അടിയന്തര വൈദ്യസഹായത്തിന് നാല് ആംബുലൻസ് സർവീസുകൾ ക്ഷേത്രഭരണകമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കൂടാതെ, പ്രത്യേക പോലീസ് സ്ക്വാഡുകൾ, കരുനാഗപ്പള്ളി-ചവറ ഫയർഫോഴ്സ് യൂണിറ്റുകളുടെ സേവനവും ഉറപ്പാക്കി. അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നത് ചവറ സാമൂഹിക ആരോഗ്യ കേന്ദ്രമാണ്.
ക്ഷേത്രപരിസരത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യവിപണനകേന്ദ്രങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി. ഹരിത പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ ജില്ലാ ശുചിത്വ മിഷന് നിർദ്ദേശം നൽകി.
ഉത്സവദിവസങ്ങളിൽ കരുനാഗപ്പള്ളി–ഓച്ചിറ പ്രദേശങ്ങളിൽ ഉണ്ടാകാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആർ.ടി.ഒ, പോലീസ്, കെ.എസ്.ആർ.ടി.സി, ദേശീയപാത അതോറിറ്റി എന്നിവയുടെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
