സ്ട്രീമിംഗ് പ്ലാറ്റ്ഫോം സ്പോട്ടിഫൈ മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി. പ്രതിമാസ സജീവ ഉപയോക്താക്കളും വരിക്കാരും പ്രതീക്ഷയെ മറികടന്ന് വളർന്നു. 2023-ലെ അവസാന മൂന്ന് മാസങ്ങളിൽ പ്രതിമാസ ശ്രോതാക്കളുടെ എണ്ണം 601 ദശലക്ഷത്തിലെത്തുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.
സ്പോട്ടിഫൈ മൂന്നാം പാദത്തിൽ 32 ദശലക്ഷം യൂറോ ഓപ്പറേറ്റിംഗ് വരുമാനം രേഖപ്പെടുത്തി. 2021-ന് ശേഷമുള്ള ആദ്യ ത്രൈമാസ ലാഭമാണിത്. മൊത്ത ലാഭം 2023 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 26.4 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ കാലയളവിനെ അപേക്ഷിച്ച് 166 ബേസിസ് പോയിന്റ് വർധനയാണിത്.
പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 26 ശതമാനം വർധിച്ച് 574 ദശലക്ഷമായി. വിശകലന വിദഗ്ദ്ധർ പ്രതീക്ഷിച്ച 565.7 ദശലക്ഷത്തെയും മറികടന്നാണിത്. കമ്പനിയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്ന പ്രീമിയം വരിക്കാർ 16 ശതമാനം വർധിച്ച് 226 ദശലക്ഷമായി. 223.7 ദശലക്ഷം വരിക്കാരെയാണ് വിശകലന വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നത്.
വരുമാനം 11 ശതമാനം വർധിച്ച് 3.36 ബില്യൺ യൂറോയായി. 3.33 ബില്യൺ യൂറോയാണ് വിശകലന വിദഗ്ദ്ധർ പ്രതീക്ഷിച്ചിരുന്നത്. പരസ്യ വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം വർധിച്ചു. പോഡ്കാസ്റ്റ് പരസ്യവും ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി.
2023 ഡിസംബർ പാദത്തിൽ പ്രീമിയം വരിക്കാർ 235 ദശലക്ഷമായും വരുമാനം 3.7 ബില്യൺ യൂറോയായും ഉയരുമെന്ന് സ്പോട്ടിഫൈ പ്രതീക്ഷിക്കുന്നു. 232.4 ദശലക്ഷം പ്രീമിയം വരിക്കാരെയും 3.69 ബില്യൺ യൂറോ വരുമാനവുമാണ് വിശകലന വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.