You are currently viewing മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചിൻ്റെ വ്യാപനം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

മഴക്കാലത്ത് ആഫ്രിക്കൻ ഒച്ചിൻ്റെ വ്യാപനം: ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

മഴക്കാലത്തോടൊപ്പം സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിൽ ആഫ്രിക്കൻ ഒച്ച് (Giant African Snail) വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കീടനീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇവയുടെ സ്രവങ്ങളിൽ കാണപ്പെടുന്ന നാടവിരകൾ മനുഷ്യരിൽ മസ്തിഷ്കജ്വരം പോലുള്ള രോഗങ്ങൾക്കു വഴിവെക്കാൻ സാധ്യതയുള്ളതും ആരോഗ്യപരമായ അപകടം സൃഷ്ടിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

വാഴ, ഇഞ്ചി, കിഴങ്ങ് വർഗങ്ങൾ, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ്ഗ പച്ചക്കറികൾ എന്നിവ ഉൾപ്പെടെ വിവിധ കാർഷിക വിളകളെ നശിപ്പിക്കുന്ന ഒച്ചുകൾ ഏറ്റവുമധികം നാശം വരുത്തുന്നത് വാഴയിലകളിലാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുകയും ചെയ്യും. അനുകൂല സാഹചര്യങ്ങളിൽ ഏഴ് മുതൽ പത്ത് വർഷം വരെ ജീവിക്കുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ തോതിൽ പെരുകുകയും ചെയ്യുന്നു.

നിയന്ത്രണ മാർഗങ്ങൾ:

ജൈവ മാലിന്യങ്ങൾ അകറ്റുക, കാടുകയറി കിടക്കുന്ന പറമ്പുകൾ വൃത്തിയാക്കുക.

രാത്രികാലങ്ങളിലാണ് ഇവ കൂട്ടമായി പുറത്തേയ്ക്ക് വരുന്നത്. പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ മുതലായവ ഒരു നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വച്ച ശേഷം പുറത്ത് വയ്ക്കുക. ഇവയിലേയ്ക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ ഒരു കുഴിയിലിട്ട് ഉപ്പ് വിതറിയോ, തുരിശ് ലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ വളമായും മാറും.

ഗ്ലൗസ് ഇടാതെ ഒച്ച കൈകാര്യം ചെയ്യരുത്; കൈകൾ സോപ്പോടെ കഴുകണം.

പുളിപ്പിച്ച പഴം-ശർക്കര-യീസ്റ്റ് കുഴിയിൽ വച്ചുകൊണ്ട് ആകർഷിക്കപ്പെട്ട ഒച്ചിനെ ഉപ്പിട്ട് നശിപ്പിക്കുക.

തുരിശ് ലായനി (60 ഗ്രാം/1 ലിറ്റർ വെള്ളം – വീടിനുള്ളിൽ, 10 ഗ്രാം/1 ലിറ്റർ – പറമ്പിൽ) തളിക്കുക.

മഴക്കാലം കഴിഞ്ഞ ശേഷം മണ്ണിളക്കുന്നത് ഒച്ചയുടെ മുട്ട നശിപ്പിക്കാൻ സഹായകമാണ്.

സാമൂഹിക പങ്കാളിത്തം അനിവാര്യമാണ്

ഈ ജൈവഭീഷണി ചെറുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ, കൃഷി, ആരോഗ്യം വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, കാർഷിക കൂട്ടായ്മകൾ തുടങ്ങിയവയുടെ ഏകോപിതമായ പ്രവർത്തനം അനിവാര്യമാണ്

Leave a Reply