2019 ഈസ്റ്റര്‍ ഞായറാഴ്ച്ച ഉണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 273 പേരെയും അവരുടെ അഞ്ചാം ചരമവാർഷികത്തിൽ വിശുദ്ധരായി പ്രഖ്യാപിക്കുമെന്ന് ശ്രീലങ്കന്‍ കത്തോലിക്ക സഭ പ്രഖ്യാപിച്ചു. 11 ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
2019 ഏപ്രില്‍ 21 ന്, ഐസിസുമായി ബന്ധമുള്ള പ്രാദേശിക ഇസ്ലാമിക് തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ തൗഹീദ് ജമാഅത്തിന്‍റെ (എന്‍ടിജെ) ഒമ്പത് അനുയായികൾ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും ആഡംബര ഹോട്ടലുകളിലും ബോംബാക്രമണം നടത്തി.
കൊളംബോ ആര്‍ച്ച്ബിഷപ്പായ കാര്‍ഡിനല്‍ മാല്‍ക്കം രഞ്ജിത്ത് ഞായറാഴ്ച നടന്ന ഒരു കുര്‍ബാനയ്ക്കിടെയാണ് 273 പേരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്.
“ഒരാളുടെ ത്യാഗത്തിന് ശേഷം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് ശേഷമേ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കഴിയൂ. അതിനാല്‍, ഈ വര്‍ഷം ഏപ്രില്‍ 21 ന് ഈസ്റ്റര്‍ ഞായറാഴ്ച ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും,” രഞ്ജിത്ത് പറഞ്ഞു.
“2019 ഏപ്രിലില്‍ പള്ളികളില്‍ മരിച്ചവര്‍ അവര്‍ വിശ്വസിച്ചതിന് വേണ്ടി ജീവന്‍ ബലി നല്‍കി. അവര്‍ ക്രിസ്തുവില്‍ വിശ്വസിച്ചതിനാലാണ് പള്ളിയിലേക്ക് വന്നത്,” രഞ്ജിത്ത് പറഞ്ഞു.
മുമ്പ്, ആക്രമണത്തില്‍ 270 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.
കത്തോലിക്ക സഭയില്‍ വിശുദ്ധീകരണത്തിന് ദൈര്‍ഘ്യമേറിയ ഒരു പ്രക്രിയയാണുള്ളത്.