തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) അത്യാധുനിക സർഫസ് ഗൈഡഡ് റേഡിയേഷൻ തെറാപ്പി (Surface Guided Radiation Therapy – SGRT) ആരംഭിച്ചു. കാൻസർ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിക്കുന്ന ഈ സാങ്കേതികവിദ്യ സാധാരണ കോശങ്ങൾക്ക് കേടുപാടുകൾ ഇല്ലാതെയാക്കി കാൻസർ കോശങ്ങളിൽ മാത്രം കൃത്യമായ റേഡിയേഷൻ നൽകാൻ സഹായിക്കും.
സാധാരണ റേഡിയേഷൻ ചികിത്സകളെ അപേക്ഷിച്ച് ഉയർന്ന കൃത്യതയുള്ള എസ്.ജി.ആർ.ടി. ശരീരത്തിന്റെ ചലനങ്ങൾ നിരീക്ഷിക്കുകയും അതിന് അനുസരിച്ച് റേഡിയേഷൻ നൽകുകയും ചെയ്യുന്നു. ത്രീഡി ഇമേജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിന്റെ ഉപരിതലം നിരീക്ഷിക്കുന്നതിനാൽ എന്തെങ്കിലും അനിഷ്ടമായ മാറ്റങ്ങൾ സംഭവിച്ചാൽ തത്സമയം തിരിച്ചറിയാനും ഉടനടി പരിഹരിക്കാനും ഈ സാങ്കേതികവിദ്യ ഉപകരിക്കും.
സർക്കാർ ആശുപത്രി മേഖലയിലെ ആദ്യ എസ്.ജി.ആർ.ടി. സംവിധാനമായ ഈ സംവിധാനം കാൻസർ ചികിത്സയുടെ നിലവാരം ഉയർത്തും. സ്തനാർബുദം, ശ്വാസകോശാർബുദം, മറ്റ് ചില പ്രത്യേക കാൻസർ രോഗങ്ങൾ എന്നിവയ്ക്കാണ് ഈ തെറാപ്പി സാധാരണയായി നൽകുന്നത്.
സാധാരണ റേഡിയേഷൻ ചികിത്സയിൽ ടാറ്റൂ ചെയ്ത മാർക്കുകൾ ഉപയോഗിച്ചാണ് കൃത്യമായ സ്ഥാനം നിർണയിക്കുന്നത്. എന്നാൽ എസ്.ജി.ആർ.ടി.യിൽ ടാറ്റൂ ചെയ്യേണ്ടതില്ല. ചികിത്സയ്ക്കിടെ ഉണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ത്രീഡി സാങ്കേതികവിദ്യയിലൂടെ കണ്ടെത്തി അതനുസരിച്ച് റേഡിയേഷൻ ക്രമീകരിക്കാം.
സ്തനാർബുദ രോഗികളിൽ ഈ തെറാപ്പി കൂടുതൽ ഫലപ്രദമാണ്. ഇടത്തേ നെഞ്ചിൽ റേഡിയേഷൻ നൽകുമ്പോൾ ഹൃദയത്തിന് കേടുപാട് വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. എസ്.ജി.ആർ.ടി.യുടെ ഉപയോഗം ഹൃദയത്തിനും ശ്വാസകോശത്തിനുമുള്ള റേഡിയേഷൻ പ്രതിഫലനം പരമാവധി കുറയ്ക്കും. ഇതോടെ ദീർഘകാല പാർശ്വഫലങ്ങൾ കുറയ്ക്കാനാകും.
