You are currently viewing സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവിനായ്ക്കൾ പാടില്ല:സുപ്രീംകോടതി

സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ തെരുവിനായ്ക്കൾ പാടില്ല:സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുനായ് ശല്യവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ശക്തമായ വിമർശനവുമായി രംഗത്തെത്തി. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച്, ഇനി നായ കടിക്കാതിരിക്കാൻ അവശേഷിക്കുന്ന ഒരേയൊരു മാർഗം നായ്ക്കൾക്ക് “കൗൺസിലിംഗ് നൽകുക മാത്രമാണെന്ന്” പരാമർശിച്ചു.

നായകളെ പിടികൂടി വന്ധ്യംകരിച്ചതിന് ശേഷം പിടികൂടിയ സ്ഥലത്തുതന്നെ തിരിച്ചുവിടണമെന്ന് മൃഗസ്നേഹികൾ ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു കോടതിയുടെ ഈ പരാമർശം. മൃഗസ്നേഹികൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായപ്പോഴാണ് ബെഞ്ചിന്റെ രൂക്ഷ വിമർശനം ഉണ്ടായത്.

നായകൾ എല്ലാവരെയും കടിക്കാറില്ലെന്നും അവയെ കൊല്ലാതെ തിരിച്ചുവിടണമെന്നും കപിൽ സിബൽ വാദിച്ചു. എന്നാൽ ഇതിന് മറുപടിയായി ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ചാരിയ എന്നിവർ അടങ്ങിയ ബെഞ്ച്, തെരുവുനായ പ്രശ്നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി. “രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു നായയുടെ മൂഡ് എങ്ങനെയാണെന്ന് ആരറിയാം? അത് ഒരാളെ കടിക്കുമോ കടിക്കാതിരിക്കുമോ എന്ന് മുൻകൂട്ടി പറയാൻ കഴിയില്ലല്ലോ?” എന്ന് കോടതി ചോദിച്ചു.

സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുജനങ്ങൾക്ക് അത്യന്താപേക്ഷിതമായ സ്ഥലങ്ങളിൽ നായ്ക്കൾ ഉണ്ടാകുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി കർശനമായി വ്യക്തമാക്കി. ഇത്തരം ഇടങ്ങളിൽ നായകളെ പിടികൂടി വീണ്ടും തിരിച്ചുവിടുന്നതിന് അനുമതി നൽകാനാവില്ലെന്നും ബെഞ്ച് പറഞ്ഞു.

കൂടാതെ നായകൾ വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നത് അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്നും, കുട്ടികളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനമെന്നും കോടതി നിരീക്ഷിച്ചു. തെരുവുനായ് ശല്യം നിയന്ത്രിക്കുന്നതിൽ പൊതുസുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതുണ്ടെന്ന സന്ദേശമാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളിലൂടെ വ്യക്തമായത്.

Leave a Reply