
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടി എടുക്കും.

“മിഥുൻ കേരളത്തിന്റെ മകനാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ കുടുംബത്തിന് വീട് നിർമിച്ചു നൽകും,” മന്ത്രി പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മന്ത്രിയും ധനമന്ത്രി കെ.എൻ. ബാലഗോപാലും ചേർന്ന് മിഥുനിന് അന്തിമോപചാരമർപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നാളെ (ജൂലൈ 18) ആലപ്പുഴയിൽ നിശ്ചയിച്ചിരുന്ന പരിപാടികളിൽ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ല.