പ്രശസ്ത സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ബുധനാഴ്ച അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 42 വയസ്സായിരുന്നു.
ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ലൈവ് ഇവന്റുകളിലും ഹാസ്യനടി എന്ന നിലയിലും സുബി സുരേഷ് ശ്രദ്ധേയായി. മലയാള സിനിമയിൽ അഭിനേത്രി എന്ന നിലയിലും അവർ തിളങ്ങി.
കൊച്ചിൻ കലാഭവനിലൂടെയാണ് അവർ തന്റെ കരിയർ ആരംഭിച്ചത്.
ഏഷ്യാനെറ്റിലെ പ്രശസ്തമായ മലയാളം കോമഡി ഷോ ‘സിനിമാല’ യുടെ അവതാരകയായിട്ടായിരുന്നു ടിവി അരങ്ങേറ്റം. സൂര്യ ടിവിയിൽ കുട്ടികൾക്കായി ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടി അവതാരകയായതോടെ മലയാളികൾക്കിടയിൽ സുപരിചിതയായ മുഖമായി.
2006-ൽ രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ ആയിരുന്നു സുബിയുടെ ആദ്യ ചിത്രം. പിന്നീടുള്ള വർഷങ്ങളിൽ, ഹാപ്പി ഹസ്ബൻഡ്സ്, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ജനിച്ച സുബി തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.അവർ സ്‌കൂൾ, കോളേജ് പരിപാടികളിലും മത്സരങ്ങളിലും സജീവമായിരുന്നു.
മാതാപിതാക്കളും ഒരു സഹോദരനുമടങ്ങിയതാണ് സുബിയുടെ കുടുമ്പം
നടിയുടെ ആകസ്മിക നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.