ഇഓൺലൈൻ ഡോട്ട് കോം റിപോർട്ടനുസരിച്ച് ,കൈവശം കഞ്ചാവ് കണ്ടെത്തിയതിനെത്തുടർന്ന് ജിജി ഹദീദിനെയും അവരുടെ സുഹൃത്ത് ലിയ മക്കാർത്തിയെയും കേമാൻ ദ്വീപുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. എന്നാൽ, ഇവരെ പിന്നീട് വിട്ടയച്ചു.
ഹദീദും മക്കാർത്തിയും ഒരു സ്വകാര്യ വിമാനത്തിൽ എത്തിയ ശേഷം, കസ്റ്റംസ് ഉദ്യോഗസ്ഥർ അവരുടെ ലഗേജിൽ കഞ്ചാവും അനുബന്ധ സാമഗ്രികളും കണ്ടെത്തിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. തൽഫലമായി രണ്ടുപേരെയും അറസ്റ്റ് ചെയ്തു,തുടർന്ന് ഇവരെ തടവുകാരുടെ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് ജാമ്യം അനുവദിച്ചു.
രണ്ട് ദിവസത്തിന് ശേഷം, ജൂലൈ 12 ന്, ഹദീദും മക്കാർത്തിയും കോടതിയിൽ ഹാജരായി, അവിടെ ഇരുവരും കുറ്റം സമ്മതിച്ചു. അധിക ആരോപണങ്ങളൊന്നും നേരിടാതെ അവർക്ക് $1,000 വീതം പിഴ ചുമത്തിയതായി റിപ്പോർട്ട് പറയുന്നു. ന്യൂയോർക്ക് സിറ്റിയിൽ മെഡിക്കൽ ലൈസൻസ് ഉപയോഗിച്ച് അവർ നിയമപരമായി കഞ്ചാവ് വാങ്ങിയതാണെന്നും കൂടാതെ 2017 മുതൽ ഗ്രാൻഡ് കേമാനിൽ ഈ പദാർത്ഥത്തിന്റെ മെഡിക്കൽ ഉപയോഗം നിയമവിധേയമായതിനാൽ നിയമപരമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഹദീദിന്റെ പ്രതിനിധി പറഞ്ഞു