You are currently viewing കേരളത്തിലെ എസ് ഐ ആർ നടപടികൾക്ക് സുപ്രീംകോടതി അനുമതി

കേരളത്തിലെ എസ് ഐ ആർ നടപടികൾക്ക് സുപ്രീംകോടതി അനുമതി

തിരുവനന്തപുരം:കേരളത്തിൽ നടന്നു വരുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (Special Intensive Revision – SIR) നടപടികൾ തുടരാൻ സുപ്രീംകോടതി അനുമതി നൽകി. എന്നാൽ, ഈ പ്രവർത്തനങ്ങൾക്കായി കൂടുതൽ സർക്കാർ ജീവനക്കാരെയും, പ്രത്യേകിച്ച് അധ്യാപകർ ഉൾപ്പെടുന്ന ബൂത്ത് ലെവൽ ഓഫീസർമാരെയും (BLOs) നിയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതിയിൽ കേരള സർക്കാരും ചില രാഷ്ട്രീയ പാർട്ടികളും ചേർന്ന് എസ്ഐആർ പ്രക്രിയ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി തള്ളുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും എസ്ഐആർ നടപടികളും ഒരേ സമയം വരുന്നതു ഭരണപരമായ സ്തംഭനത്തിനും ബിഎൽഓമാർക്ക് അമിത ജോലിഭാരത്തിനും ഇടയാക്കുമെന്ന് സർക്കാർ വാദിച്ചിരുന്നുവെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്യനിർവ്വഹണത്തിൽ ഇടപെടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതോടൊപ്പം, നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് അമിത ജോലിഭാരം ഉണ്ടാകാത്ത വിധത്തിൽ, മറ്റ് ഔദ്യോഗിക ചുമതലകളെ ബാധിക്കാതെ എസ്ഐആർ നടപടികൾ മുന്നോട്ട് കൊണ്ടുപോകണമെന്ന് കോടതി ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 11 വരെ നീട്ടിയിട്ടുണ്ട്. കരട് വോട്ടർ പട്ടിക ഡിസംബർ 16-ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 14-ന് പുറത്തിറങ്ങും.
എസ് ഐ ആറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പുതുക്കിയ നടപടിക്രമങ്ങളും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Leave a Reply