You are currently viewing അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും: കെ-ടെറ്റ് വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി

അധ്യാപകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കും: കെ-ടെറ്റ് വിധിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി

ന്യൂഡൽഹി: അധ്യാപക നിയമനത്തിനും പ്രമോഷനും കെ-ടെറ്റ് (K-TET) നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂ ഹർജി ഫയൽ ചെയ്തു. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന്റെ സവിശേഷതകളും വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് സർക്കാർ ഈ നിർണായക നിയമനടപടി സ്വീകരിച്ചത്.

നിലവിലെ വിധി പൂർണമായി നടപ്പിലാക്കിയാൽ സംസ്ഥാനത്ത് ഏകദേശം 50,000-ത്തോളം അധ്യാപകരുടെ തൊഴിൽ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ദീർഘകാലമായി സേവനം അനുഷ്ഠിക്കുന്ന അധ്യാപകരുടെ ജോലി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും റിവ്യൂ ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

കെ-ടെറ്റ് നടപ്പിലാക്കുന്നതിന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് അക്കാലത്ത് ഈ യോഗ്യത നേടാനുള്ള അവസരം ഉണ്ടായിരുന്നില്ലെന്നും അതിനാൽ ഇവർക്കു മുൻകാല പ്രാബല്യം ബാധകമാക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. അത്തരത്തിലുള്ള അധ്യാപകർക്ക് വിരമിക്കൽ വരെ സേവനത്തിൽ തുടരാൻ അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കെ-ടെറ്റ് നിലവിൽ വരുന്നതിന് മുൻപുതന്നെ കേരളം വിദ്യാഭ്യാസ നിലവാരത്തിലും സാക്ഷരതയിലും രാജ്യത്ത് മുന്നിലായിരുന്നുവെന്നും അധ്യാപകരുടെ കാര്യക്ഷമത ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കൂടാതെ നെറ്റ്, സെറ്റ്, പിഎച്ച്.ഡി പോലുള്ള ഉന്നത യോഗ്യതകൾ നേടിയ അധ്യാപകർക്ക് കെ-ടെറ്റിൽ നിന്ന് സ്ഥിരമായി ഇളവ് നൽകണമെന്നും റിവ്യൂ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അധ്യാപക സമൂഹത്തിന് നീതി ഉറപ്പാക്കാനും പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. റിവ്യൂ ഹർജിയിൽ സുപ്രീം കോടതി കൈക്കൊള്ളുന്ന തീരുമാനമാണ് ഇനി നിർണായകമാകുക.

Leave a Reply