തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ ഡിസംബർ 4 ന് ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമായ പുഷ്പ 2 ൻ്റെ പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിക്കാൻ ഇടയായ സംഭവത്തിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ 39 കാരിയായ സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുകയും കൗമാരക്കാരനായ മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നടൻ വരുന്നതിനെ സംബന്ധിച്ച് പോലീസിനെ അറിയിക്കുന്നതിൽ ഉണ്ടായ പരാജയം അപകടത്തിന് കാരണമായെന്ന് ആരോപിച്ച് അല്ലു അർജുനും അദ്ദേഹത്തിൻ്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
“സംഘാടകരും നടൻ്റെ ടീമും നിയമപാലകരെ അറിയിക്കുന്നതിൽ പരാജയപ്പെട്ടു, ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് തടസ്സമായി. ഈ അശ്രദ്ധ ഒരു ജീവന് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചു. ഉത്തരവാദികളായ എല്ലാ കക്ഷികൾക്കെതിരെയും കർശന നടപടിയെടുക്കും”,ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അക്ഷാൻഷ് യാദവ് അറസ്റ്റ് അറിയിച്ചു.
നടനെ കാണാൻ ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടിയ ചടങ്ങിൽ മതിയായ സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും പോലീസ് സാന്നിധ്യം ഇല്ലാത്തതും, ജനക്കൂട്ടം വർദ്ധിച്ചതോടെ പരിഭ്രാന്തിക്കും തിക്കിനും തിരക്കിനും കാരണമായി.