യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ ഉടനീളമുള്ള ഫുട്‌ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പിൻ്റെ ഗ്രാൻഡ് ഫിനാലെയുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഫെബ്രുവരി 4 ന് വെളിപ്പെടുത്തും. 16 ആതിഥേയ മേഖലകളിലായി 48 ടീമുകൾ മത്സരിക്കുന്ന ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഫുട്ബോൾ ഇവൻ്റ് ആവേശത്തിന്റെ തീജ്വാലകൾ ജ്വലിപ്പിക്കുമെന്ന് ഉറപ്പാണ്
ഫൈനൽ വേദി ഒരു നിഗൂഢതയായി തുടരുമ്പോൾ, രണ്ട് സാധ്യതയുള്ള സ്ഥലങ്ങളെ ചുറ്റിപ്പറ്റിയാണ് ഊഹാപോഹങ്ങൾ പരക്കുന്നത്: ടെക്സാസിലെ ആർലിംഗ്ടണിലെ എടി&ടി സ്റ്റേഡിയം, ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിലെ മെറ്റ്ലൈഫ് സ്റ്റേഡിയം എന്നിവയാണത്. ടൂർണമെന്റിന്റെ കിരീടമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ആകർഷകമായ സൗകര്യങ്ങളും ആവേശഭരിതമായ ആരാധകവൃന്ദവും ഉള്ള സ്ഥലങ്ങളാണിത്. എന്നിരുന്നാലും ഇത് വരെ ഫിഫയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഫൈനലിനപ്പുറം, ഫെബ്രുവരി 4-ലെ പ്രഖ്യാപനം എല്ലാ 104 ഗെയിമുകളുടെയും സമ്പൂർണ്ണ മാച്ച് ഷെഡ്യൂൾ അനാവരണം ചെയ്യും. ഭൂഖണ്ഡത്തിലുടനീളമുള്ള ആരാധകർക്ക് ഇത് ആഹ്ലാദകരമായ കാത്തിരിപ്പിന്റെ നിമിഷമായിരിക്കും.
മെക്സിക്കോ സിറ്റിയിലെ തെരുവുകൾ മുതൽ ന്യൂയോർക്ക് സിറ്റിയുടെ ഐക്കണിക് സ്കൈലൈൻ വരെ 2026 ലോകകപ്പ് ഫുട്ബോളിന്റെ ആഘോഷത്തിൻ്റെ ഭാഗമാകുമെന്നതിൽ സംശയമില്ല.