ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസി ഒക്ടോബർ 1 മുതൽ പ്രവർത്തനം നിർത്തും. ഇന്ത്യയിൽ നിന്നുള്ള പിന്തുണക്കുറവും ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവുമാണ് ഇതിന് കാരണമെന്ന് എംബസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതും എംബസി അടച്ചുപൂട്ടുന്നതിനുള്ള മറ്റൊരു പ്രധാന ഘടകമാണെന്ന് എംബസി അറിയിച്ചു.
“ഈ സാഹചര്യത്തിൽ, എംബസിയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്താൻ ഞങ്ങൾ നിർബന്ധിതരായി. അടിയന്തര കോൺസുലാർ സേവനങ്ങൾ ഒഴികെയുള്ള എല്ലാ സേവനങ്ങളും നിർത്തലാക്കും. എംബസ്സിയുടെ സംരക്ഷണ ചുമതല ആതിഥേയ രാജ്യത്തിന് കൈമാറുന്നതുവരെ ഈ സേവനങ്ങൾ തുടരും,” എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യ താലിബാൻ സർക്കാരിനെ അംഗീകരിക്കുന്നില്ല, 2021 ൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം കാബൂളിലെ സ്വന്തം എംബസി അടച്ചു. എന്നാൽ പുറത്താക്കപ്പെട്ട അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയുടെ പാശ്ചാത്യ പിന്തുണയുള്ള സർക്കാർ നിയോഗിച്ച അംബാസഡറെയും മിഷൻ സ്റ്റാഫിനെയും വിസ നൽകാൻ ന്യൂഡൽഹി അനുവദിച്ചു.
ഇതിനിടെ അംബാസഡറും മറ്റ് മുതിർന്ന നയതന്ത്രജ്ഞരും യൂറോപ്പിലേക്കും അമേരിക്കയിലേക്കും രാജ്യം വിട്ടതിനുശേഷം ഇന്ത്യയിലെ അഫ്ഗാൻ എംബസി എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചതായി റോയിട്ടേഴ്സ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
യു.എൻ അഭയാർത്ഥി ഏജൻസിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 40,000 അഭയാർത്ഥികളിൽ മൂന്നിലൊന്ന് അഫ്ഗാനികളാണ്.
കഴിഞ്ഞ വർഷം, ഗോതമ്പ്, മരുന്ന്, കോവിഡ്-19 വാക്സിനുകൾ , ശീതകാല വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിരുന്നു