You are currently viewing ദേശീയപാത-66 നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ

ദേശീയപാത-66 നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാർ

ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ സർക്കാർ ഗൗരവപരമായി ഇടപെടുന്നുവെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ അറിയിച്ചു. നിർമാണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ ആവശ്യമായ നിരീക്ഷണവും തിരുത്തലുകളും നടത്തുന്നതായി മന്ത്രി പറഞ്ഞു

നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയ കരാറുകാരെതിരെ പൊതുമരാമത്ത് വകുപ്പും നാഷണൽ ഹൈവേ അതോറിറ്റിയും ഇതിനോടകം നടപടി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിർമാണ ഗുണനിലവാരത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഏജൻസികൾ വിശദമായ പരിശോധന നടത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണെന്നും, വിദഗ്ധ സമിതിയുടെ നിർദ്ദേശപ്രകാരമുള്ള നിർമാണപരിഷ്‌ക്കാരങ്ങളും, പാകപ്പിഴകൾ അടിയന്തരമായി ശരിയാക്കുന്നതായും മന്ത്രി അറിയിച്ചു. റോഡിന്റെ ദീർഘകാല സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കുന്നതിനായി ഈ നടപടികൾ നിർണായകമാണെന്ന് കേന്ദ്രസർക്കാർ വിലയിരുത്തുന്നു.

ദേശീയപാത 66-ന്റെ നിർമാണ പ്രവർത്തനങ്ങൾ അടുത്ത വർഷം പകുതിയോടെ പൂർത്തിയാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഗഡ്കരി അറിയിച്ചു. ജനങ്ങളുടെ സുരക്ഷ, ഗതാഗത സൗകര്യം, വികസന പദ്ധതികളുടെ ഗുണമേന്മ എന്നിവ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ തുടർന്നും ശക്തമായ നിരീക്ഷണവും ഇടപെടലും തുടരുന്നുവെന്നും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

Leave a Reply