ചങ്ങനാശ്ശേരി മാർക്കറ്റിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്രസർക്കാർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ആധുനികവൽക്കരണം ആവശ്യപ്പെട്ട് ലോക്സഭയിൽ റൂൾ 377 പ്രകാരം താൻ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറി മുഖേന അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
വ്യവസായ-വാണിജ്യമന്ത്രാലയം കേരള ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ, ചങ്ങനാശ്ശേരി മാർക്കറ്റിന്റെ നിലവിലെ അവസ്ഥയും ആവശ്യമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളും ആധുനികവൽക്കരണ പദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കി മന്ത്രാലയത്തിന് സമർപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള അറിയിപ്പ് ചങ്ങനാശ്ശേരി നഗര സെക്രട്ടറിക്കും ലഭിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ചങ്ങനാശ്ശേരി മാർക്കറ്റ് പുനരുദ്ധാരണം നടത്തുക എന്നത് തന്റെ പ്രധാന പരിഗണനാ വിഷയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാർക്കറ്റിലെ സ്ഥാപന ഉടമകൾ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുമായി അഭിപ്രായങ്ങൾ ശേഖരിച്ച്, നവീകരണത്തിന് അനുകൂലമായ റിപ്പോർട്ട് ചങ്ങനാശ്ശേരി നഗരസഭ മുഖേന സംസ്ഥാന സർക്കാർ സമർപ്പിക്കണം.മാർക്കറ്റ് നവീകരണ നടപടികൾക്കായി കേന്ദ്ര സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്, പാർലമെന്റ് സമ്മേളനകാലയളവിൽ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രിയെ നേരിട്ട് സന്ദർശിക്കുമെന്നും എംപി വ്യക്തമാക്കി.
