ന്യൂഡൽഹി: റംസാർ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുള്ള അഷ്ടമുടി കായൽ, ശാസ്താംകോട്ട തടാകം, വേമ്പനാട്ട് കായൽ എന്നിവയുടെ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാർ വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകുകയാണെങ്കിൽ കേന്ദ്ര സർക്കാർ സഹായം നൽകുമെന്ന് ജലശക്തി വകുപ്പ് മന്ത്രി സി.ആർ. പാട്ടിൽ ഉറപ്പുനൽകി. ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ ഉറപ്പ്.
രാജ്യത്തെ പ്രധാന ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഈ പ്രാധാന്യമുള്ള ജലാശയങ്ങൾക്കായുള്ള നടപടികൾ. പരിസ്ഥിതി സംരക്ഷണത്തിനും ജലഗുണനിലവാര വികസനത്തിനും പ്രത്യേക പ്രാധാന്യമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
