
തിരുവനന്തപുരം: പഠനം പൂർത്തിയാക്കി തൊഴിൽ തേടുന്ന യുവാക്കൾക്ക് സഹായഹസ്തമായി കേരള സർക്കാർ നൈപുണ്യ വികസന–തൊഴിൽ സ്കോളർഷിപ്പ് പദ്ധതി ‘കണക്ട് ടു വർക്ക്’ നടപ്പാക്കുന്നു. തൊഴിൽ ലഭ്യത വർധിപ്പിക്കുകയും യുവാക്കളെ മത്സരപരീക്ഷകൾക്കും നൈപുണ്യ പരിശീലനങ്ങൾക്കും സജ്ജരാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്ക് പ്രതിമാസം 1,000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. 18 മുതൽ 30 വയസ് വരെ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്ത ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.
നൈപുണ്യ വികസന കോഴ്സുകളിൽ പഠിക്കുന്നവർക്കും UPSC, PSC, ബാങ്കിംഗ്, റെയിൽവേ ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സാമ്പത്തിക സഹായം ലഭ്യമാകും. സ്കോളർഷിപ്പ് തുക നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുമെന്ന് സർക്കാർ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 5 ലക്ഷം പേർക്കാണ് പദ്ധതിയുടെ ആനുകൂല്യം നൽകുന്നത്. പഠനവും നൈപുണ്യവും സമന്വയിപ്പിച്ച് കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളർത്താനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഈ പദ്ധതി കരുത്തുപകരുമെന്ന് അധികൃതർ വ്യക്തമാക്കി.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് https://eemployment.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം.